പ.നോമ്പ് ഉത്ഭവവും വളര്‍ച്ചയും - Fr. Dr. Mathew Varghese (Vinu)

പ.നോമ്പ് ഉത്ഭവവും വളര്‍ച്ചയും - Fr. Dr. Mathew Varghese (Vinu)

പ.നോമ്പ് ഉത്ഭവവും വളര്‍ച്ചയും - Fr. Dr. Mathew Varghese (Vinu)


Forty Days of lent;  ഉത്ഭവും വളര്‍ച്ചയും

 ദൈവരാജ്യത്തെ ലക്ഷ്യമാക്കി നിരന്തര തീര്‍ത്ഥാടനം നടത്തുന്ന സംഘമാണ് ക്രിസ്തീയ സഭ. ഈ തീര്‍ത്ഥാടനത്തില്‍ തിന്മയ്ക്കെതിരായി പോരാട്ടം നടത്തി ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ തീര്‍ത്ഥാടകനെ സന്നദ്ധനാക്കുന്ന ആത്മീയ സാധനകളാണ് നോമ്പും പ്രാര്‍ത്ഥനയും. നോമ്പാചരണത്തിന്റെ ഉത്ഭവത്തെപ്പറ്റിയും അതിന്റെ വളര്‍ച്ചയെപ്പറ്റിയുമുള്ള ഒരു  ലഘു പഠനമാണീ ലേഖനം.

നോമ്പ് വേദപുസ്തകത്തില്‍

    പഴയ നിയമത്തിലും പുതിയനിയമത്തിലും നോമ്പാചരണങ്ങളെപ്പറ്റിയും, നോമ്പിനെപ്പറ്റിയുമുള്ള വിവരങ്ങളുണ്ട്.
1. ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന് ദൈവം നല്‍കിയ ആദ്യകല്‍പ്പന ഉപവാസത്തിന്റേതായിരുന്നു.
     (ഉല്‍പ്പത്തി 2:16-17)
2. കല്‍പ്പനകളുടെ സ്വീകരണത്തിനായും, ഇസ്രയേല്‍ ജനതയുടെ പാപം നിമിത്തവും മോശ ഉപവസിക്കുന്നു 
     (പുറ:34:28-30, ആവ 9:9, 16-19)
3. മക്കളുടെ ജനനത്തിനായി അമ്മമാര്‍ ഉപവസിച്ചിരുന്നു
      (1 ശമു 1:17, ന്യായ 13-14)
4. യുദ്ധത്തിനുപോകുന്നതിനുമുമ്പായി ഉപവസിക്കുന്നു 
    (1 ശമു 14:24, 2 ദിന 30:3)
5 രോഗസൗഖ്യത്തിനും ദുരിതങ്ങളില്‍ നിന്നുമുള്ള മോചനത്തിനായും ഉപവസിച്ചിരുന്നു 
    (2 ശമു 12:16-23, 1 രാജ 21:27, ദാനി 9:3)
6. പാപമോചനത്തിനായി ഉപവസിച്ചിരുന്നു 
    (1 ശമു 7: 5-6, നെഹ 9:1, യോന 3:4-10, യോവേല്‍ 1:2-17, 2:12-13)
7. ദുഃഖാചരണത്തിന്റെ ഭാഗമായും ഉപവസിച്ചിരുന്നു
     (ന്യായ 20:26, 1 ശമു 31:13, 2 ശമു 1:12, എസ്ഥേര്‍ 4:3)
    പഴയനിയമത്തില്‍തന്നെ മോശ, ഏലിയ (1 രാജ 19:8) നിനുവയിലെ ജനം എന്നിവര്‍ നാല്‍പ്പതു ദിവസം നോമ്പാചരിക്കുന്നതായി രേഖപ്പെടുത്തുന്നുണ്ട്.

    പുതിയ നിയമത്തില്‍ ക്രിസ്തു തന്റെ മാമോദിസായ്ക്കും പരസ്യശുശ്രൂഷയ്ക്കും മദ്ധ്യേ 40 ദിവസം മരുഭൂമിയില്‍ ഉപവസിച്ചതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്തുന്നു (മത്താ 4:2, മര്‍ക്കോ1:13, ലൂക്കോ 4:1-2) നോമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ത്താവ് പഠിപ്പിച്ചു. (മത്താ 6:16, മര്‍ക്കോ 2:20, 9:29) ശ്ലീഹന്മാരും ഉപവസിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. (അപ്പോ. 13:2) ആദിമസഭയില്‍ സ്‌നാനത്തിനു മുന്നോടിയായും മൂപ്പന്മാരേ (കശ്ശീശന്മാരേ) നിയമിക്കുന്നതിനുമുമ്പായും നോമ്പനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നു (അപ്പോ:14:23), പൗലോസ് അപ്പോസ്‌തോലനും തന്റെ ജീവിതത്തില്‍ പീഢനങ്ങള്‍ നേരിടുമ്പോള്‍ ഉപവസിച്ചതായി സൂചനകളുണ്ട് (2 കൊരി 6:5,11:27, അപ്പോ: 27:9)

നോമ്പ് ആദിമസഭയില്‍

ആദിമസഭയില്‍ മൂന്നു വിധത്തിലുള്ള നോമ്പാചരണങ്ങള്‍ ഉണ്ടായിരുന്നു.

1. പ്രതിവാര ഉപവാസദിനങ്ങള്‍

ഇത് യഹൂദന്മാരുടെ അനുഷ്ഠാനങ്ങളില്‍ നിന്ന് രൂപം കൊണ്ടതായിരുന്നു. യഹൂദന്മാര്‍ ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ (തിങ്കള്‍,വ്യാഴം) ഉപവസിച്ചിരുന്നു. ഇതിന്റെ സ്വാധീനത്തില്‍ ആദിമ സഭയിലും ആഴ്ചയില്‍ രണ്ടു ദിവസം ഉപവാസമനുഷ്ഠിച്ചിരുന്നു. എന്നാല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയ്ക്കായി ബുധനും വെള്ളിയു മായിരുന്നു ആദിമസഭയുടെ ഉപവാസ ദിനങ്ങള്‍. രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഈ ഉപവാസനുഷ്ഠാനത്തിന് തുടക്കം കുറിച്ചിരുന്നു.

2. മാമോദിസായ്ക്കുള്ള ഒരുക്കം

മാമൂദീസായ്ക്ക് മുമ്പ് സ്‌നാനര്‍ത്ഥിയും കാര്‍മ്മികനും ഉപവസിക്കണമെന്ന് അപ്പോസ്തലന്മാരുടെ പഠിപ്പിക്കലുകളില്‍ പറയുന്നു. വലിയ നോമ്പിന്റെ ആരംഭവും ഈ പതിവില്‍ നിന്നു കൂടിയാണ്.

3. ഉയിര്‍പ്പിനുമുമ്പുള്ള ഉപവാസം
    
    രണ്ടാം നൂറ്റാണ്ടു മുതല്‍ ഉയിര്‍പ്പുപെരുനാളിനുമുമ്പുള്ള രണ്ടു ദിവസങ്ങള്‍ ഉപവാസ ദിനങ്ങളായി ആചരിച്ചിരുന്നു. സഭാപിതാക്കന്മാരായ ഐറേനിയോസ്, തെര്‍ത്തുല്യന്‍, റോമിലെ ഹിപ്പോലിറ്റസ് തുടങ്ങിയവര്‍. ഈ രണ്ടു ദിനങ്ങളിലെ ഉപവാസത്തപ്പറ്റി പറയുന്നുണ്ട്. ഈ നോമ്പാചരണം വി.ശ്ലീഹന്മാര്‍ തന്നെ ഏര്‍പ്പെടുത്തി എന്ന് തെര്‍ത്തുല്യന്‍ രേഖപ്പെടുത്തുന്നു.

നാല്പത് ദിവസത്തെ ഉപവാസം

ഉയിര്‍പ്പ് പെരുനാളിനോടനുബന്ധിച്ച് നടത്തിയിരുന്നു ദ്വിദിന ഉപവാസം ഏ.ഡി 250 നോടടുത്ത് എഡേസായില്‍ നാലു ദിവസത്തെ ഉപവാസനുഷ്ഠാനമായിമാറി. ക്രമേണ ചില സഭകള്‍ രണ്ടു ദിവസത്തെ ഉപവാസം ഒരാഴ്ചത്തേക്ക് ദീര്‍ഘിപ്പിച്ചു. മൂന്നാം നൂറ്റാണ്ടാകുമ്പോഴേക്ക് ആറു ദിവസമായി (തിങ്കള്‍ മുതല്‍ ശനിയാഴ്ച രാത്രി വരെ) ഉപവാസ ദിവസങ്ങള്‍ വര്‍ദ്ധിച്ചു. അലക്‌സന്ത്രിയായിലെ ദിവന്നാസ്യോസ,് സലാമീസിലെ എപ്പിഫാനിയോസ് തുടങ്ങിയവര്‍ ഈ ആറു ദിന ഉപവാസത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 
നാല്പത് ദിവസത്തെ ഉപവാസത്തെ ആദ്യമായി പരാമര്‍ശിക്കുന്നത്. നിഖ്യസുന്നഹദോസിന്റെ അഞ്ചാമത്തെ നിശ്ചയത്തിലാണ്. ഏ.ഡി 360ല്‍ കൂടിയ ലവോദ്യക്യയായിലെ സുന്നഹദോസ് എല്ലാ വിശ്വാസികളും നാല്‍പത് ദിവസം ഉപവസിക്കണമെന്ന് അനുശാസിച്ചു. ഉയിര്‍പ്പിന് മുമ്പുള്ള ആറുദിവസത്തെ നോമ്പ് ആറാഴ്ചയായി നീട്ടിയത് മാമൂദീസാ ഏല്‍ക്കുന്നവര്‍ക്കുള്ള വിശ്വാസ പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു. ആദിമസഭയില്‍ ഉയിര്‍പ്പു പെരുന്നാളിനോടു ചേര്‍ത്തായിരുന്നു മാമൂദീസാ നല്‍കിയിരുന്നത് ആയതിനാല്‍ അതിനുമുമ്പുള്ള ആറ് ആഴ്ചകളില്‍ അവരുടെ പരിശീലനകാലമായി വേര്‍തിരിക്കുകയും ഉപവാസത്തോടെ അതിനായി ഒരുക്കുകയും ചെയ്തു. തുടര്‍ന്ന് ഈ 40 ദിന ഉപവാസം എല്ലാ വിശ്വാസികളും അനുഷ്ഠിക്കുന്നതായി മാറി.
വലിയ നോമ്പില്‍ ശനിയും ഞായറും ഉപവാസദിനങ്ങളായിരുന്നില്ല. ഞായറാഴ്ച കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ അനുസ്മരണമാകയാലും, ശനിയാഴ്ച അതിലേക്കുള്ള ഒരുക്കദിനമാകയാലും അന്നും ഉപവാസം പാടില്ല എന്ന് പിതാക്കന്മാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ക്രിസ്തു കല്ലറയില്‍ കിടക്കുകയും പാതാളത്തിലിറങ്ങി മരിച്ചുപോയവര്‍ക്ക് സദ്വാര്‍ത്ത അറിയിക്കുകയും ചെയ്ത ദുഃഖശനിയാഴ്ച ഉപവസിക്കണമെന്നും അവര്‍ അനുശാസിച്ചിരിക്കുന്നു. ശനിയും ഞായറു ഒഴിച്ചാല്‍ ഉപവാസദിനങ്ങളുടെ എണ്ണം കുറയുന്നു അതിനാല്‍ കര്‍ത്താവിന്റെ മാതൃകയില്‍ 40 ദിവസം ഉപവസിക്കുവാന്‍ കിഴക്കന്‍സഭകള്‍ വലിയനോമ്പ്  7 ആഴ്ചത്തേക്ക്  (50 ദിവസം) ദീര്‍ഘിപ്പിച്ചു. ഏ.ഡി 375 നോടടുത്ത് യെറുശലേമില്‍ ഈ പതിവ് ഉണ്ടായിരുന്നതായി രേഖകളുണ്ട്.
സന്ധ്യ മുതല്‍ സന്ധ്യ വരെ ഉപവസിക്കുന്ന രീതിയായിരുന്നു ആദിമസഭയുടെ കാലം മുതല്‍ ഉണ്ടായിരുന്നത്. സന്ധ്യയ്ക്ക് ഉപവാസം അവസാനിപ്പിച്ച് ഭക്ഷണം കഴിച്ച് തുടര്‍ന്ന് വീണ്ടും ഉപവാസം തുടങ്ങുന്ന രീതിയാണ് നാലും അഞ്ചും നൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് അനുഷ്ഠിക്കേണ്ടത്. സന്ധ്യവരെ ഉപവസിക്കുവാന്‍ കഴിവില്ലാത്തവര്‍ ഒമ്പതാം മണിവരെയെങ്കിലും അതിനും സാദ്ധ്യമല്ലാത്തവര്‍ മദ്ധ്യാഹ്നം വരെയെങ്കിലും ഉപവസിക്കണമെന്ന് സഭ പഠിപ്പിക്കുന്നു.
40 ദിനത്തിന്റെ പ്രാധാന്യം
പഴയ നിയമത്തില്‍ മോശയും ഏലിയാവും നിനുവയിലെ ജനവും നാല്‍പ്പത് ദിവസവും നോമ്പുനോറ്റു എന്നതില്‍ നിന്ന് നാല്‍പ്പത് ദിനഉപവാസത്തിന് ഒരു പ്രാധാന്യം ഉണ്ടായി. നമ്മുടെ കര്‍ത്താവ് നാല്‍പ്പതു ദിവസം നോമ്പേറ്റതിനാല്‍ അതിനോടുള്ള സമരസപ്പെടലാണ് നമ്മുടെ നോമ്പ് എന്ന് ചില സഭാപിതാക്കന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യന്റെ സൃഷ്ടിയില്‍  സൃഷ്ടാവ് ഭൂമി, ജലം, അഗ്നി, വായൂ എന്നീ ചതുര്‍ഭൂതങ്ങളെ ഉപയോഗിച്ചുവെന്നും അതിനാല്‍ ഇവ ഓരോന്നിന്റെയും ശുദ്ധീകരണത്തിനായി 10 ദിവസങ്ങള്‍ വീതം വേണമെന്നതിനാല്‍ 40 ദിവസം നോമ്പാചരണം ഉണ്ടായി എന്ന് സ്രൂഗിലെ യാക്കോബ് തന്റെ നോമ്പിനെപ്പറ്റിയുള്ള ദീര്‍ഘമായ മെമ്‌റായില്‍ എഴുതുന്നുണ്ട് 


    -Fr. Dr. Mathew Varghese (Vinu)

Ads Atas Artikel

Ads Center 1

Ads Center 2

Ads Center 3