പര്‍വ്വതങ്ങളിലേക്ക്...
കോവിട് 19നെ (കൊറോണ വൈറസ് ഡിസീസ്) നിലക്ക് നിര്‍ത്താന്‍ ഭഗീരഥ പ്രയത്നം നടത്തുന്ന ആരോഗ്യവകുപ്പിന്റെ പ്രായോഗികതയ്ക്ക് കൂപ്പുകൈ.
നമ്മുടെ ആരോഗ്യമാണ് മറ്റൊരാളുടെ ആരോഗ്യമെന്നും അത് പാലിക്കപ്പെടാന്‍ സര്‍ക്കാരിനെ നിയമപരമായി ഇടപെടുത്തരുതെന്നും ഉള്ള സാമൂഹികബോധം ചിലര്‍ക്കൊക്കെ ഇല്ലാതെ പോയിട്ടുണ്ട്. രോഗം പടര്‍ന്നതിന്റെ മൂലകാരണവും അതായിരുന്നല്ലോ? വ്യക്തികള്‍ സമൂഹത്തിനു പകരേണ്ടത് രോഗമല്ലെന്ന് തിരിച്ചറിയുന്നത് ഇനിയെന്നാണ്?. ഇരവുപകലുകള്‍ ആക്കുന്ന സമര്‍പ്പിതരാണ് രാഷ്ട്രത്തിന്റെ യഥാര്‍ഥ ഭരണാധികാരികള്‍. കപട നേതാക്കളെയല്ല സംരക്ഷകരെയാണ് ജനങ്ങള്‍ക്കാവശ്യം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ എല്ലാ ചുവടുവയ്പുകള്‍ക്കും കേരളത്തിലെ പൊതു സമൂഹം 100% പിന്തുണയാണ് നല്‍കിയിരിക്കുന്നത്.
ആള്‍ദൈവങ്ങള്‍ ഉള്വലിഞ്ഞയിടത്ത് മാലാഖമാര്‍ സേവനത്തിനിറങ്ങി എന്ന സാമൂഹിക മാധ്യമങ്ങളുടെ വിമര്‍ശനം കാണാതെ പോകരുത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഈശ്വര വിശ്വാസികളാണ്. എന്നാല്‍ ആ വിശ്വാസത്തിന് ഒരു യാഥാര്‍ത്ഥ്യ തലമുണ്ട്. അതിനപ്പുറം ജനങ്ങളെ ഭീതിതരാക്കുകയും മുതലെടുക്കുകയും ചെയ്യുന്ന ആള്‍ദൈവങ്ങളെ തിരിച്ചറിയേണ്ട കാലമാണിത്. ഫ്ളക്സുകളും ബാനറുകളും വലിച്ചുകെട്ടി സുന്ദരരൂപികളായും സ്വയംഭൂക്കളായും അത്ര സുന്ദരമല്ലാത്ത പിന്നാമ്പുറ ചരിത്രവുമായി അവതരിക്കപ്പെടുന്നവര് ആരാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയുക. ഐന്സ്റ്റീന് പറഞ്ഞതുപോലെ,
''Religion without science is blind
Science without religion is lame.''
എന്നാല്‍ ജനങ്ങളുടെ ആരോഗ്യ ഭാവിയ്ക്കുമേല്‍ ചില രാഷ്ട്രീയ വൈറസുകള്‍ പിടിമുറുക്കുന്നതിനെ ആശങ്കയോടെയാണ് സാധാരണക്കാരന് നോക്കിക്കാണുന്നത്. തുറന്നു പറയുന്നത് മരുന്നു മാഫിയയെക്കുറിച്ചു തന്നെയാണ്. ചിക്കുന്‍ഗുനിയ കാലത്ത് ചില മരുന്നുകള്‍ അപകടകാരികളെന്ന് ഡ്രഗ് കണ്ട്രോളര്മാര് വിധിയെഴുതിയിട്ടും തിണ്ണനിരങ്ങികള്‍ അവരുടെ വായടപ്പിച്ച സംഭവകഥകള്‍ അരമന രഹസ്യങ്ങളായി പറഞ്ഞു കേള്‍ക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിലെ പാരസൈറ്റുകളെ തുരത്താന്‍ നേതാക്കള്‍ക്ക് ആര്‍ജ്ജവത്വം ഉണ്ടാകണം. ജനങ്ങളുടെ ആരോഗ്യ പരിരക്ഷയില്‍ കാണിക്കുന്ന ഈ ആര്‍ജ്ജവത്വം മരുന്നു കമ്പനികളുടെ കഴുകന് കണ്ണുകള്‍ക്കുമേല്‍ കടിഞ്ഞാണ്‍ ഇടാനുള്ള തുടക്കം കൂടിയാകണം. വൈറസുകളും പാരസൈറ്റുകളും നിയമ വാഴ്ചയുടെ രക്തം ഊറ്റുന്ന വേതാളങ്ങളത്രെ.
രോഗപകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ദൈവാലയങ്ങള്‍ക്ക് നല്കപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുവാന്‍ നാം ശ്രദ്ധിക്കുക. സമയാസമയങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്കാന് ഭദ്രാസനകേന്ദ്രം സദാ സജ്ജമാണ്.
പീഡകളും മഹാമാരികളും ചരിത്രത്തിന്റെ ഭാഗമാണ്, ഒപ്പം വിശ്വാസത്തിന്റേയും സ്ഥിരതയുടേയും... പുറപ്പാട് ചരിത്രം പത്തു ബാധകളുടേതായിരുന്നു. എന്നാല്‍ വിശ്വാസവും പ്രാര്‍ത്ഥനയും അതിനെ മറികടക്കാനുള്ള ഊന്നുവടികളായി നമുക്ക് നല്കപ്പെട്ടുണ്ട്. മാരകമായ മസൂരി, പ്ലേഗ് പോലെയുള്ള ബാധകള്‍ മലയാളക്കരയെ ബാധിച്ചപ്പോള്‍ പരിശുദ്ധ പരുമല തിരുമേനിയും പരിശുദ്ധ പാമ്പാടി തിരുമേനിയുമൊക്കെ കാണിച്ച ധൈര്യവും ശുശ്രൂഷകളും വൈദ്യത്തോടൊപ്പം നല്കിയ വേദചിന്തകളും നമുക്കെന്നും പാഠമാകണം
സങ്കീര്‍ത്തനങ്ങള്‍
121 : 1. ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
121 : 2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍ നിന്നു വരുന്നു.
-മുകളിലച്ചന്‍ (ചീഫ് എഡിറ്റര്‍)
Fr. Thomas P. Mukalil
frthomasp@gmail.com